വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു
August 03, 2020
നീലേശ്വരം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ എസ്.ഐ, നീലേശ്വരം പളളിക്കരയിലെ ലതീഷിന്റെ ഭാര്യ ദേവി അർച്ചനയാണ് 40, ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെ കണ്ണൂർ മിംസ് ആശൂപത്രിയിൽ മരിച്ചത്.
ജുലൈ 21 ന് സന്ധ്യയ്ക്ക് 7.10 മണിക്ക് വീട്ടുപരിസരത്താണ് അർച്ചനയെ അണലി കടിച്ചത്.ഉടൻ തന്നെ ഇവരെ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും, മതിയായ പരിചരണം ലഭിച്ചില്ലെന്ന് ആക്ഷേപമുയർന്നു. ഇതേത്തുടർന്ന് യുവതിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
വിഷബാധയേറ്റ് ഗുരുതര നിലയിലായ അർച്ചനയെ പരിയാരത്തു നിന്നും കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും ,പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലും കൊണ്ടു പോയി. കണ്ണൂർ മിംസ് ആശുപത്രിയിൽ ഇവരുടെ വലതുകാൽ മുറിച്ചു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നീലേശ്വരത്തെ ഭർതൃഗൃഹത്തിലെത്തിച്ച ശേഷം തിരികെ സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. ജിതിൻ , നിധിൻ എന്നിവർ മക്കളാണ്.