ചെറുപുഴ: പെരിങ്ങോം പീഡനക്കേസ്സിൽ ഇരയായ പെൺകുട്ടിയെ ചെറുവത്തൂരിലെ ലോഡ്ജിൽ  പീഡനത്തിനിരയാക്കിയ യുവാവിനെ പെരിങ്ങോം പോലീസ് ഇൻസ്പെക്ടർ എം. ഇ. രാജഗോപാൽ അറസ്റ്റ് ചെയ്തു.

കരിവെള്ളൂർ സ്വാമി മുക്ക് പാപ്പാരട്ട  പടിഞ്ഞാറെ വീട്ടിൽ പ്രശോഭാണ് 26, പെരിങ്ങോം പെൺകുട്ടിയെ ചെറുവത്തൂർ ബസ്്സ്റ്റാന്റിന് സമീപത്തെ സ്വകാര്യ ലോഡ്ജിലും, മാത്തിൽ ചൂരലിലെ വെള്ളച്ചാട്ടത്തിലും കൊണ്ടുപോയി ലൈംഗീക ചൂഷണത്തിനിരയാക്കിയത്. സെക്സ് റാക്കറ്റിന്റെ വലയിൽപ്പെട്ട പെൺകുട്ടിയെ മൊബൈൽ ഫോൺ വഴി വലയിലാക്കിയാണ് പീഡനപരമ്പര നടത്തിയത്. പ്രശോഭിന്റെ അറസ്റ്റോടെ പെരിങ്ങോം പീഡനക്കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. പീഡനക്കേസ്സിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രജിത്ത്, ദിലീപ് എന്നിവർക്ക് പുറമെ മടക്കാംപൊയിലിലെ പി. വി. വിനീഷ് 28, കെ. സുവർണ്ണൻ 39, കുപ്പോളിലെ പി. വി. രജീഷ് 31, എന്നിവരും റിമാന്റിലാണ്.

ഇവരിൽ പി. വി. രജീഷാണ് പെൺകുട്ടിയെ എട്ടാം  തരത്തിൽ പഠിക്കുമ്പോൾ ആദ്യമായി ലൈംഗീക പീഡനത്തിനിരയാക്കിയത്. മുഴുവൻ പ്രതികൾക്കുമെതിരെ പോക്സോ നിയമത്തിന്  പുറമെ ബലാൽസംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്.