നീലേശ്വരം : നീലേശ്വരം നഗരസഭ കൗൺസിലിലേക്ക് മൽസരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം നവംബർ 13-ന്.

13-ന് നടക്കുന്ന എൽഡിഎഫ് കൺവെൻഷനിലായിരിക്കും ഇടതു മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റിയിൽപ്പെട്ട ടി. വി. ശാന്ത, പി. പി. മുഹമ്മദ് റാഫി എന്നിവർ തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഏരിയാ കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ. വി. ദാമോദരൻ മൽസരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നുെവങ്കിലും, കെ. വി.ദാമോദരന്റെ പേര് ഏരിയാ കമ്മിറ്റിയുടെ പട്ടികയിലില്ല. നീലേശ്വരം നഗരസഭയുടെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നീലേശ്വരം പഞ്ചായത്തിന്റെ മുൻ പ്രസിഡണ്ട് കൂടിയായ ടി. വി. ശാന്തയുടെ പേരാണ് ഏരിയാ കമ്മിറ്റി നിർദ്ദേശിച്ചത്.

നിലവിൽ നീലേശ്വരം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായ പി. പി. മുഹമ്മദ് റാഫിയെ ചിറപ്പുറം 5-ാം വാർഡിൽ മൽസരിപ്പിച്ച് വിജയിപ്പിക്കണമെന്നും പാർട്ടി ഏരിയാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ചിറപ്പുറത്ത് പാർട്ടിക്ക് 500 വോട്ടിന്റെ ലീഡുണ്ട്. സിപിഎമ്മിലെ സന്ധ്യയാണ്  നിലവിൽ ഇവിടുത്തെ കൗൺസിലർ.

ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ പി. പി. മുഹമ്മദ് റാഫിയെ വൈസ് ചെയർമാനായി  തെരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. നഗരസഭാ തെരഞ്ഞെടുപ്പിൽ  സിപിഐ പടിഞ്ഞാറ്റം കൊഴുവൽ വാർഡിൽ മൽസരിക്കും. ഇത് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ഘടക കക്ഷിയായ ഐഎൻഎൽ ആനച്ചാൽ, തൈക്കടപ്പുറം വാർഡുകളിൽ മൽസരിക്കും. കോൺഗ്രസ്സ് എസിന് ഒരു സീറ്റ് അനുവദിച്ചിട്ടുണ്ട്.

നഗരസഭയിലെ മറ്റ് വാർഡുകളിൽ മൽസരിക്കുന്ന സിപിഎം സ്ഥാനാർത്ഥികൾ  ആരെന്നറിയാൻ  നവംബർ 13- വരെ കാത്തിരിക്കണം.    സിപിഎം ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം വാർഡ്  കമ്മിറ്റികൾ കൂടിയാലോചിച്ച് സ്ഥാനാർത്ഥികളെ അന്തിമമായി പ്രഖ്യാപിക്കും.

ആദ്യ ഘട്ടത്തിൽ ചില സ്ഥാനാർത്ഥികളുടെ പേരുകൾ ഉയർന്നിട്ടുണ്ടെങ്കിലും,    സിപിഎമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ടി. വി. ശാന്തയും മുഹമ്മദ് റാഫിയും മൽസരിക്കുന്ന വാർഡുകൾ മാത്രമാണ്  ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ടി. വി. ശാന്ത 13-ാം വാർഡായ കുഞ്ഞിപ്പുളിക്കാലിൽ മൽസരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. നിലവിൽ നഗരസഭാധ്യക്ഷൻ പ്രഫ. കെ. പി. ജയരാജൻ മൽസരിക്കില്ലെങ്കിലും,  അദ്ദേഹത്തിന്റെ സഹോദരൻ  കെ. പി, രവീന്ദ്രൻ മൽസരിച്ചേക്കും.

നീലേശ്വരം നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചിത്രം വ്യക്തമായിട്ടില്ല. പ്രധാന കക്ഷിയായ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ നിർണ്ണയിക്കാൻ വാർഡ് തലയോഗങ്ങൾ നടത്തി വരികയാണ്. നവംബർ 19-നാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി.