മദ്യ ലഹരിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
September 08, 2020
ബദിയടുക്ക : ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ പെർള അജിനടുക്കയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ചായിരിക്കാൻ സാധ്യതയെന്ന് പോലീസ്.ശരീരത്തിൽ മർദ്ദനമേറ്റ പാടുകളൊന്നും ഇല്ലാത്തതാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയാകാമെന്ന നിഗമനത്തിലെത്താൻ കാരണം.
അജിനടുക്കയിലെ ജനാർദ്ദനയാണ് 48, ഭാര്യ സുശീലയെ 42, ഇന്നലെ വൈകുന്നേരം മദ്യലഹരിയിൽ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ വഴക്കിടുന്നതിന്റെ ബഹളം അയൽവാസികൾ കേട്ടിരുന്നു. പിന്നീട് ഒച്ചയൊന്നും കേൾക്കാതായപ്പോഴാണ് ബന്ധുകൂടിയായ അയൽവാസി വീട്ടിലെത്തിയത്.
ബന്ധു വീടിനകത്ത് നടത്തിയ പരിശോധനയിൽ സുശീലയെ അബോധാവസ്ഥയിൽ കണ്ടെത്തി. തുടർന്ന് പോലീസിന്റെ സഹായത്തോടെ സുശീലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളുടെ വീട്ടിലായിരുന്ന സുശീല കഴിഞ്ഞ ദിവസമാണ് അജിനടുക്കയിലെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്.
ഭാര്യ തിരിച്ചെത്തിയതിന് പിന്നാലെ ജനാർദ്ദന മദ്യലഹരിയിൽ ഇവരുമായി വഴക്കുണ്ടാക്കുകയായിരുന്നു. വഴക്കിനിടെ സുശീലയുടെ കഴുത്തിന് പിടിച്ച് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല ചെയ്തിരിക്കാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം .
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വിദഗ്ദ പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജനാർദ്ദനയെ ഇന്നലെത്തന്നെ ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ ഐ. പി. സി 174 പ്രകാരം അസ്വാഭാവിക മരണത്തിനാണ് ബദിയടുക്ക പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും പോലീസ് കൊലപാതക സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.