വീട്ടമ്മയുടെ ആത്മഹത്യ കുടുംബ വഴക്ക് മൂലം
September 09, 2020
മടിക്കൈ : മടിക്കൈ കാലിച്ചാം പൊതിയിൽ ഭർതൃമതി കിണറ്റിൽച്ചാടി മരിച്ചത് കുടുംബ വഴക്കിനെത്തുടർന്ന്. ഇന്നലെ രാത്രി 8.30 മണിയോടെയാണ് കാലിച്ചാം പൊതിയിലെ പാലങ്കി സുധാകരന്റെ ഭാര്യയും പുല്ലൂർ കരക്കക്കുണ്ട് സ്വദേശിനിയുമായ ബീന രണ്ടര വയസ്സുള്ള മകൾ നിമയെയുമെടുത്ത് കിണറ്റിൽച്ചാടിയത്.
ബീന കിണറ്റിൽച്ചാടിയ വിവരമറിഞ്ഞ് ഒാടിയെത്തിയ സമീപവാസികളായ ബിജു കോലത്തുകുഴി, ബിജു തായത്ത്, വിനോദ് ആമ്പിലേരി എന്നിവരുടെ സമയോചിതമായ ഇടപെടലിലൂടെ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി . ബീന കിണറ്റിലേക്ക് ചാടിയതിന് പിന്നാലെ ഒാടിയെത്തിയ യുവാക്കൾ കിണറ്റിലേക്ക് ചാടി കുട്ടിയെ വെള്ളത്തിൽ നിന്നും ഉയർത്തിപ്പിടിച്ച് കിണറ്റിന്റെ പടവിൽ പിടിച്ചു നിൽക്കുകയായിരുന്നു.
25 മീറ്റർ ആഴമുള്ള വീട്ടുകീണറ്റിന്റെ അടിയിലേക്ക് താഴ്ന്നുപോയ ബീനയെ ഇവർക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല. കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിൽ നിന്നും രക്ഷാപ്രവർത്തകരെത്തി യുവതിയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ രക്ഷിക്കാൻ കിണറ്റിൽച്ചാടിയവരെയും അഗ്നി രക്ഷാസേനയാണ് കരയ്ക്കെത്തിച്ചത്.
രണ്ട് മക്കളുടെ മാതാവായ ബീന ഇളയ മകളെയും കൊണ്ടാണ് കിണറിലേക്ക് ചാടിയത്.ഇവരുടെ ഭർത്താവ് സുധാകരൻ മദ്യപിച്ച് വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിലുണ്ടായ കുടുംബ വഴക്കാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും . പരേതയ്ക്ക് നിയ എന്ന പേരിൽ 6 വയസായ മറ്റൊരു മകൻ കൂടിയുണ്ട്.