കോവിഡ് കാസര്‍കോട്ട് രണ്ടാം മരണം
July 22, 2020
കാസര്‍കോട്: കോവിഡ് ബാധിച്ച് കാസര്‍കോട്ട് രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് അണങ്കൂറിലെ 48 കാരി മരിച്ചു. ടി.എസ്.ഷാഫിയുടെ ഭാര്യ ഖൈറുന്നീസ 48, ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
അഞ്ച് ദിവസം മുമ്പ് പനി ബാധിച്ച ഖൈറുന്നീസയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ പരിശോധന നടത്തിയപ്പോള്‍ ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു.
നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.
ഇവരുടെ മകന്‍ പഴയ ബസ് സ്റ്റാൻഡിലെ കടയില്‍ ജോലി ചെയ്തു വരികയാണ്. ഇതുവഴിയാകാം ഖൈറുന്നീസയ്ക്ക് കോവിഡ് ബാധിച്ചതെന്ന സംശയത്തെ തുടര്‍ന്ന് മകന്റെ സ്രവവും പരിശോധനയ്ക്കയച്ചിട്ടുണ്ട്.
വീട്ടില്‍ നിന്നും പുറത്ത് പോകാറുള്ള മകന്റെ സ്രവപരിശോധനാ ഫലം ലഭിച്ചാല്‍ ഉറവിടം വ്യക്തമാകും. മക്കള്‍: തസ്‌നീമ, തഷ്രീഫ, തഹസീല്‍, ശമീം. മരുമക്കള്‍: മുനീര്‍, അനീസ്. സഹോദരങ്ങള്‍: മുനീര്‍, പരേതരായ ഹമീദ്, നാസര്‍. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.