ബാറ്ററി മോഷ്ടാവിനെ ക്വാറന്റൈനിലാക്കി
June 10, 2020
പയ്യന്നൂര്‍: കരിവെള്ളൂരിലെ മൊബൈല്‍ ടവറിന്റെ ബാറ്ററി മോഷ്ടിച്ചു കടത്തവേ പിടിയിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്ത് കോറന്റയ്ന്‍ കേന്ദ്രത്തിലേക്കയച്ചു. പയ്യന്നൂര്‍ പോലീസ് അറസ്റ്റ്‌ചെയ്ത കൊല്ലം ഏഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശി ജനിഭവനില്‍ ഇട്ടിപണിക്കേരയാണ് 54, കോടതി റിമാണ്ട് ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. കരിവെള്ളൂര്‍ ബസാറിലെ ഓട്ടോസ്റ്റാന്റിന് സമീപത്തെ ഇന്‍ഡസ് മൊബൈല്‍ ടവറിന്റെ 12,000 രൂപ വിലവരുന്ന ജനറേറ്റര്‍ ബാറ്ററിയാണ് ഇയാള്‍ മോഷ്ടിച്ച് കടത്തിയത്. അഴിച്ചെടുത്ത ബാറ്ററിയുമായി പോകുന്നയാളോട് ടവറിന്റെ ജീവനക്കാരന്‍ വിവരം തിരക്കിയപ്പോള്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ പോവുകയാണെന്നാണ് പറഞ്ഞത്. പയ്യന്നൂരേക്കെന്ന് പറഞ്ഞ് ബാറ്ററിയുമായി ഓട്ടോയില്‍ കയറിയ ഇയാള്‍ പാലത്തരയെത്തിയപ്പോള്‍ ഇറങ്ങുകയായിരുന്നു. ഇതോടെ സംശയം തോന്നിയ ഓട്ടോഡ്രൈവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടി പയ്യന്നൂര്‍ പോലീസിലേല്‍പ്പിക്കാനായത്.ടവറിലെ ജീവനക്കാരന്‍ പൂമംഗലം ചവനപ്പുഴയിലെ പി.ശശീധരന്റെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോടതി റിമാണ്ട് ചെയ്ത ഇയാളെ തോട്ടടയിലെ കോറന്റയ്ന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.