നവജാത ശിശുവിന്റെ മരണം കൊല മാതാവ് പോലീസ് കസ്റ്റഡിയിൽ
December 21, 2020
ബദിയടുക്ക: പ്രസവിച്ച് മണിക്കൂറുകൾക്കകം കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവിനെതിരെ കൊലക്കുറ്റം ചമത്തി കേസ്സെടുത്തതോടെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബദിയടുക്ക പോലീസ് വെളിപ്പെടുത്തി. ബദിയടുക്ക ചെടേക്കാലിലെ മുഹമ്മദ് ഷാഫിയുടെ ഭാര്യ ഷാഹിനയാണ് 25, സ്വന്തം കുഞ്ഞിനെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ചയാണ് സംഭവം. രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഹിനയെ ഡോക്ടർമാർ പരിശോധിച്ചതിനെത്തുടർന്നാണ് ഇവർ പ്രസവിച്ച വിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് ഒരു ദിവസം പ്രായമുള്ള പെൺകുട്ടിയെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തി തൂണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ജഡം പരിയാരത്ത് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയതോടെയാണ് കുട്ടിയുടെ മരണം ശ്വാസം മുട്ടിയാണെന്ന് വ്യക്തമായത്. ഇതേത്തുടർന്ന് ബദിയടുക്ക പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഷാഹിന കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഇതോടെ പോലീസ് ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു. ഷാഹിന ഗർഭിണിയായ വിവരം ബന്ധുക്കളിൽ നിന്നും മറച്ചുക്കുകയായിരുന്നു.
പ്രസവത്തെത്തുടർന്ന് ചികിത്സയിലുള്ള ഷാഹിനയെ ചികിത്സയ്ക്ക് ശേഷം അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ബദിയടുക്ക പോലീസ്. ഇവർക്ക് പോലീസ് നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. ഗർഭിണിയായ വിവരം മറച്ചുവെച്ചത് എന്തിനെന്നതടക്കമുള്ള ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കാണേണ്ടതുണ്ട്. തന്റെ രണ്ടാം പ്രസവത്തിലെ കുട്ടിയെയാണ് ഷാഹിന കഴുത്തിൽ കേബിൾ മുറുക്കി കൊന്നത്.