ഉപ്പള:  രാത്രിയുടെ മറവിൽ ആംബുലൻസ് കത്തിച്ചു. പ്രതിയുടെ ചിത്രം സി സി ടി വിയിൽ കുടുങ്ങി. ഉപ്പള മണ്ണംകുഴി നേർവഴി ഇസ്ലാമിക്‌ സെന്ററിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സാണ് ഞായറാഴ്ച്ച രണ്ടു മണിയോടെ  തീവെച്ച് നശിപ്പിച്ചത്. ആംബുലന്‍സ്‌ പൂര്‍ണമായും കത്തി നശിച്ചു. ആംബുലൻസിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു ആള്‍ട്ടോ കാറിലേക്കും ബൈക്കിലേക്കും തീ പടര്‍ന്നു.

ബൈക്ക്‌ ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. തീവെച്ചവരുടെ ചിത്രം തൊട്ടടുത്ത സ്ഥാപനത്തിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്‌. രണ്ടു പേർ ആംബുലൻസിന്റെ അടുത്തു വന്ന് നിൽക്കുന്നതും ആംബുലൻസ് കത്തിയയുടനെ മുനീറുൽ ഇസ്ലാം മദ്രസ ഗ്രൗണ്ടിലൂടെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. 

ഇസ്ലാമിക്‌ സെന്റര്‍ ഭാരവാഹികള്‍ മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ആംബുലൻസ് കത്തിച്ചതിന് പിന്നിലുള്ള ലക്ഷ്യം  എന്താണെന്ന് വ്യക്തമല്ലെങ്കിലും സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

സംഭവത്തിൽ മുഖ്യ മന്ത്രിക്കും എസ് പിക്കും പരാതി നൽകുമെന്നും ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ആംബുലൻസ് സർവ്വീസ് നിർത്തി വെക്കുമെന്നും ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ (എ ഓ ഡി എ) ജില്ലാ പ്രസിഡണ്ട് മുനീർ ചെമ്മനാട് പറഞ്ഞു.