കാഞ്ഞങ്ങാട്: കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന അജാനൂർ കടപ്പുറത്തെ ശശിയുടെ മകൻ അമലിനെ 21, വഴിയിൽ പതിയിരുന്ന ഏഴംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചു.

ജൂൺ 30-ന് ചൊവ്വാഴ്ച രാത്രി 9.50 മണിക്ക് ബല്ലാക്കടപ്പുറത്താണ് അക്രമം.

ഒരാഴ്ച മുമ്പ് ഇട്ടമ്മലിലുള്ള കോഴിക്കടയിൽ തന്നെ ചിലർ പീഡിപ്പിച്ചുവെന്ന് 8 വയസ്സുകാരൻ പറഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ചൊവ്വാഴ്ച  രാത്രി നടന്ന ആക്രമണത്തിന് കാരണം.

ഇട്ടമ്മൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബാദുഷയെ ഇതേക്കുറിച്ച് മർദ്ദനമേറ്റ  അമലും മറ്റു ചിലരും ചോദ്യം ചെയിരുന്നു.

ഈ വൈരാഗ്യത്താൽ ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന അമലിനെയും, കൂട്ടുകാരൻ അമീൻ, കിച്ചു എന്ന നന്ദു എന്നിവരെയും ഏഴംഗ സംഘം വഴിയിൽ ആക്രമിക്കാനൊരുങ്ങിയപ്പോൾ, കിച്ചുവും അമീനും ഓടി രക്ഷപ്പെട്ടുവെന്ന് പറയുന്നു.

അമലിനെ പിടികൂടിയ സംഘം തലയ്ക്കും ദേഹമാസകലവും, മാരകായുധങ്ങൾ ഉപയോഗിച്ച് അടിക്കുകയായിരുന്നു. അമലിനെ  ചൊവ്വാഴ്ച രാത്രി 11 മണിയോടെ മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവാവിന്റെ തലയിൽ തുന്നിക്കെട്ടുകളുണ്ട്. മൂക്കിന് കാര്യമായ ചതവു പറ്റിയിട്ടുണ്ട്.

ഇക്കു മിഖ്ദാദ് 23, മുഹമ്മദ് താഹ, പി. കെ. അജ്മൽ, മുഹമ്മദ് അമീർ റാഫിഖ്, സവാദ്, അജ്മൽ മുഹമ്മദ് എന്നിവർ അക്രമിസംഘത്തിലുണ്ടായിരുന്നതായി പരിക്കേറ്റ അമൽ പറഞ്ഞു.