ഫേസ്ബുക്ക് പ്രണയം : കൊല്ലം ഭർതൃമതിയും, യുവാവും നീലേശ്വരത്ത് പിടിയിൽ
October 09, 2020
കാഞ്ഞങ്ങാട്: ഫേസ് ബുക്കിൽ പരിചയപ്പെട്ട കാമുകനെത്തേടി കൊല്ലം ഭർതൃമതി മകളോടൊപ്പം നീലേശ്വരം യുവാവിന്റെ വീട്ടിലെത്തി. പിന്നാലെയെത്തിയ കൊല്ലം പോലീസ്, കമിതാക്കളെ പിടികൂടി നീലേശ്വരത്ത് നിന്നും കൊല്ലത്തേക്ക് കൊണ്ടുപോയി.
തൈക്കടപ്പുറം ബോട്ടുജെട്ടിക്ക് സമീപം താമസിക്കുന്ന യുവാവിന്റെ വീട്ടിൽ നിന്നാണ് കൊല്ലം യുവതിയേയും പത്തു വയസ്സുള്ള മകളെയും നീലേശ്വരം പോലീസിന്റെ സഹായത്തോടെ കൊല്ലം പോലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ട് ദിവസം മുൻപാണ് മകൾക്കൊപ്പം യുവതിയെ കൊല്ലത്തെ ഭർതൃ ഗൃഹത്തിൽ നിന്നും കാണാതാ ത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ കേസ്സെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഭർതൃമതി മകൾക്കൊപ്പം നീലേശ്വരത്തുള്ളതായി കണ്ടെത്തിയത്. രഹസ്യമായി ഇന്നലെ വൈകീട്ട് നീലേശ്വരത്തെത്തിയ കൊല്ലം പോലീസ് നീലേശ്വരം പോലീസിന്റെ സഹായത്തോടെ കമിതാക്കളെയും കുട്ടിയെയും കാമുകന്റെ വീട്ടിൽ കണ്ടെത്തുകയായിരുന്നു.
ഫേസ് ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട ഭർതൃമതിയും, നീലേശ്വരം യുവാവും, പ്രണയ ബദ്ധരാവുകയും യുവതി കാമുകന്റെ ആവശ്യപ്രകാരം നീലേശ്വരത്തെത്തുകയുമായിരുന്നു.
ഭർതൃമതിയെ കൊല്ലത്ത് കോടതിയിൽ ഹാജരാക്കാനാണ് പോലീസ് തീരുമാനം. സ്വന്തം ഇഷ്ട പ്രകാരം വീടു വിട്ടെത്തിയതാണെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.