വീരേന്ദ്രകുമാർ അനുഗ്രഹീതനായ നേതാവ്: ഏ.വി. രാമകൃഷ്ണൻ
May 29, 2020
കാഞ്ഞങ്ങാട്: സോഷ്യലിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുത്ത് സംഘടനക്ക് ജനപ്രീതിയുണ്ടാക്കുന്നതിന് എഴുത്തിലൂടേയും പ്രഭാഷണത്തിലൂടെയും ജനങ്ങളെ ആകർഷിച്ച അനുഗ്രഹീതനായ നേതാവായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് ലോക്താന്ത്രിക്ദൾ (എൽജെഡി) ജില്ലാ പ്രസിഡണ്ട് ഏ.വി.രാമകൃഷ്ണൻ അനുസ്മരിച്ചു. കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വീരേന്ദ്രകുമാറിനൊപ്പം പ്രവർത്തിച്ച നാളുകൾ ജീവിതത്തിലെ അനർഘ നിമിഷങ്ങളായിരുന്നു. വീരേന്ദ്രകുമാർ എൽജെഡി സംസ്ഥാന പ്രസിഡണ്ടായിരുന്നപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് രാഷ്ട്രീയ ജീവിതത്തിലെ സൗഭാഗ്യമാണെന്ന് രാമകൃഷ്ണൻ പറഞ്ഞു. കാസർകോട് ജില്ലയുടെ രൂപീകരണം ആവശ്യപ്പെട്ട് പാർട്ടി നടത്തിയ പ്രക്ഷോഭങ്ങളിൽ വീരേന്ദ്രകുമാറിന്റെ സാന്നിദ്ധ്യം ആവേശം കൊള്ളിക്കുന്നതായിരുന്നു. കാസർകോട് ജില്ലക്കും വിശിഷ്യാ കാഞ്ഞങ്ങാടിനും വീരേന്ദ്രകുമാറിനെ ഒരിക്കലും മറക്കാനാവില്ല. പകരം വെക്കാനില്ലാത്ത വലിയ വിടവാണ് വീരേന്ദ്രകുമാറിന്റെ നിര്യാണം മൂലം നാടിനും പാർട്ടിക്കും ഉണ്ടായതെന്ന് രാമകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.